പ്രദീപിന്‍റെ സൗജന്യ പി എസ് സി കോച്ചിങിലൂടെ ജോലി നേടിയത് 372 പേര്‍, റാങ്ക് ലിസ്റ്റുകളില്‍ കയറിയത് 700-ലധികം പേര്‍!

ആയിരത്തോളം പേര്‍ക്കാണ് പ്രദീപ് സൗജന്യ പി എസ് സി കോച്ചിങ്ങ് കൊടുക്കുന്നത്. സ്വന്തം വീടിന്‍റെ ടെറസിലും കരയോഗം മന്ദിരത്തിന്‍റെ കെട്ടിടത്തിലുമൊക്കെയായി നിരവധിപ്പേരാണ് പഠിക്കാനെത്തുന്നത്.

പി എസ് സി പരീക്ഷയെഴുതി ഒരു ലിസ്റ്റിലെങ്കിലും പേര് വന്നാല്‍ മതിയെന്നാഗ്രഹിക്കുന്ന എത്രയോ പേരുണ്ടാവും കേരളത്തില്‍. കഷ്ടപ്പെട്ട് പഠിച്ച്  സര്‍ക്കാര്‍ ജോലി കിട്ടിയാലോ..? പിന്നെ ജോലിയും തിരക്കുമായി.

എന്നാല്‍ ജോലിത്തിരക്കിനിടയിലും പി എസ് സി കോച്ചിങ്ങ് സെന്‍റര്‍ നടത്തുകയാണ് ഈ ചെറുപ്പക്കാരന്‍.

സര്‍ക്കാര്‍ ജോലിയ്ക്കൊപ്പം പി എസ് സി കോച്ചിങ്ങ് സെന്‍ററും.. നല്ല കാശുണ്ടാക്കുന്നുണ്ടാകുമല്ലോ…?

അങ്ങനെ സ്വയം അറിയാതെയെങ്കിലും അസൂയപ്പെട്ടുപോകുന്നവരുടെ ശ്രദ്ധയ്ക്ക്. പ്രദീപ് മുഖത്തല എന്ന ഈ കൊല്ലംകാരന്‍ ആരോടും ഫീസ് വാങ്ങുന്നില്ല.


വീടുകളിലെ ജലഉപയോഗം 80% വരെ കുറയ്കാന്‍ സഹായിക്കുന്ന  ഉപകരണങ്ങള്‍ വാങ്ങാം: karnival.com


കാശൊന്നും വാങ്ങാതെ ആയിരത്തിലേറെ ഉദ്യോഗാര്‍ഥികള്‍ക്കാണ് പ്രദീപ് പി എസ് സി പരീക്ഷയില്‍ നല്ല റാങ്ക് വാങ്ങാനുള്ള കുറുക്കുവഴികള്‍ പറഞ്ഞുകൊടുക്കുന്നത്. ഒപ്പം കണക്കും ഇംഗ്ലിഷും ചരിത്രവും പൊതുവിജ്ഞാനവുമൊക്കെ നന്നായി പഠിപ്പിക്കുകയും ചെയ്യും.

പ്രദീപ്  കെ എസ്ഇ ബി യില്‍ കാഷ്യറാണ്. ആയിരത്തോളം പേര്‍ക്കാണ് അദ്ദേഹം പി എസ് സി കോച്ചിങ്ങ് കൊടുക്കുന്നത്. സ്വന്തം വീടിന്‍റെ ടെറസിലും കരയോഗം മന്ദിരത്തിന്‍റെ കെട്ടിടത്തിലുമൊക്കെയായി നിരവധിപ്പേരാണ് പഠിക്കാനെത്തുന്നത്.

കോച്ചിങ് സെന്‍റര്‍ നടത്തിപ്പുകാരനും അധ്യാപകനും മോട്ടിവേറ്ററുമൊക്കെ പ്രദീപ് തന്നെയാണ്. “കൊല്ലം ഫാത്തിമമാതാ കോളെജില്‍ ഡിഗ്രി പഠിക്കുമ്പോഴാണ് എന്‍റെ പി എസ് സി പഠനം തുടങ്ങുന്നത്.”

കോച്ചിങ് സെന്‍റര്‍ ആരംഭിച്ചതിനെക്കുറിച്ച് പറയും മുന്‍പേ ഞാനെങ്ങനെ സര്‍ക്കാര്‍ ജോലിയിലേക്കെത്തിയെന്നു പറഞ്ഞു തുടങ്ങാം.. പ്രദീപ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

പ്രദീപ്

“ബിഎ ഇക്കണോമിക്സായിരുന്നു. ക്ലാസ് മൂന്നരയ്ക്ക് കഴിയും. കോളെജില്‍ നിന്നിറങ്ങി നേരെ കൊല്ലം പബ്ലിക് ലൈബ്രറിയിലേക്ക് നടക്കും. അവിടെ ഏതാണ്ട് ഒരു ഏഴര മണിവരെയുണ്ടാകും.

“ആ ലൈബ്രറിയില്‍ കുറേ ചേട്ടന്‍മാര്‍ വരുമായിരുന്നു. വായിക്കാനും പി എസ് സിക്ക് പഠിക്കാനുമൊക്കെയായി.അവരില്‍ നിന്നാണ് പി എസ് സിയ്ക്ക് പഠിക്കണമെന്നൊക്കെയുള്ള തോന്നല്‍ എനിക്കുണ്ടാകുന്നത്.

“അച്ഛനും അമ്മയ്ക്കും വലിയ വിദ്യാഭ്യാസമൊന്നുമില്ലല്ലോ. എന്ത് പഠിക്കണമെന്നൊക്കെ പറഞ്ഞു തരാനൊന്നും അവര്‍ക്ക് അറിയില്ലായിരുന്നു. പക്ഷേ അപ്പോഴും സര്‍ക്കാര്‍ ജോലി നേടണമെന്നു അച്ഛനും അമ്മയും പറയുമായിരുന്നു.

“ഡോക്റ്ററാ എന്‍ജിനീയറോ ആകണമെന്നു പറയാനുള്ള അറിവൊന്നും അവര്‍ക്കില്ലായിരുന്നു. പക്ഷേ സര്‍ക്കാര്‍ ജോലി നേടണമെന്നാണ് അവര് പറഞ്ഞത്. പത്താം ക്ലാസിലും പ്ലസ് ടുവിനും ഫസ്റ്റ് ക്ലാസോടു കൂടിയാണ് പാസായത്.

എന്‍ജിനീയറിങ്ങോ മെഡിസിനോ പഠിക്കണമെന്നാഗ്രഹമുണ്ടായിരുന്നു. പക്ഷേ അതെങ്ങനെയാണെന്നൊന്നും എനിക്കും അറിയില്ലായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിച്ചാലേ മെഡിസിനൊക്കെ ചേരാന്‍ പറ്റൂവെന്നും എനിക്കറിയില്ലായിരുന്നു. ഹ്യൂമാനിറ്റീസ് ഗ്രൂപ്പാണ് പ്ലസ് ടുവിന് എടുത്തത്.


ഹ്യൂമാനിറ്റീസ് എടുക്കാനൊരു കാരണവുമുണ്ട്. ഹിസ്റ്ററിയും ജോഗ്രഫിയും… എന്‍റെ ഇഷ്ട വിഷയങ്ങളായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കൂടുതല്‍ മാര്‍ക്ക് ഹിസ്റ്ററിക്കും ജോഗ്രഫിക്കുമായിരിക്കും.


“പിന്നെ ഹിസ്റ്ററിയൊക്കെ എടുത്ത ശേഷം സിവില്‍ സര്‍വീസ് പഠിക്കാന്‍ പോകാമെന്നൊക്കെയുള്ള തോന്നല്‍ അന്നുണ്ടായിരുന്നു, പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍. ഹ്യൂമാനിറ്റീസ് എടുത്തത്, സിവില്‍ സര്‍വീസ് പഠിക്കാനാണെന്നൊക്കെയാണ് പലരോടും പറഞ്ഞിരുന്നത്.

പ്രദീപിന്‍റെ ഒരു ദിവസം അതിരാവിലെ തുടങ്ങും. നാല് മണിക്ക് സൗജന്യ പരിശീലനക്ലാസ്സുകള്‍ ആരംഭിക്കും

“പ്ലസ് ടു കഴിഞ്ഞ്, സിവില്‍ സര്‍വീസിന് പോകാന്‍ കുറച്ചു കൂടി നല്ലത് ഇക്കണോമിക്സ് ആണെന്നു കരുതിയാണ് ഡിഗ്രിക്ക് ചേരുന്നത്. പക്ഷേ അന്നും സിവില്‍ സര്‍വീസ് എനിക്കൊരു സ്വപ്നമൊന്നും അല്ലായിരുന്നു. ഡിഗ്രി കഴിഞ്ഞ് എന്ത് ചെയ്യുമെന്ന പലരുടെയും ചോദ്യത്തിന് ഒരു മറുപടി. അതായിരുന്നു സിവില്‍ സര്‍വീസ്.

“രണ്ട് തവണ സിവില്‍ സര്‍വീസ് എഴുതി, പക്ഷേ രണ്ടു തവണയും പ്രിമിലിനറി കിട്ടും, മെയിനില്‍ നിന്ന് ഔട്ടാകും,” എന്ന് പ്രദീപ്.

പ്രത്യേക കോച്ചിങ് ഒന്നുമില്ലാതെയാണ് പ്രദീപ് സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതാന്‍ പോകുന്നത്. പിന്നെ സിവില്‍ സര്‍വീസ് മോഹമൊക്കെ ഒഴിവാക്കി പി എസ് സി പഠനത്തിലേക്ക് തിരിഞ്ഞു.

പി എസ് സി എഴുതി 12 റാങ്ക് ലിസ്റ്റുകളില്‍ പ്രദീപിന്‍റെ പേര് വന്നു, യൂനിവേഴ്സിറ്റി അസിസ്റ്റന്‍റ്, കോര്‍പറേഷന്‍ അസിസ്റ്റന്‍റ് ഗ്രേഡ്, എല്‍ഡി ക്ലര്‍ക്ക്, പൊലീസ്, ഫയര്‍ ഫോഴ്സ് ഇങ്ങനെ പല ലിസ്റ്റുകളിലുമായി.

പ്രദീപിന് ഒന്നിലേറെ അപ്പോയ്മെന്‍റ് ലെറ്ററും കിട്ടിയിരുന്നു.  യൂനിവേഴ്സിറ്റി അസിസ്റ്റന്‍റ് ഗ്രേഡ്, ബിവറെജസ്, എല്‍ ഡി ക്ലാര്‍ക്ക് എന്നിങ്ങനെ പല സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ ജോലികള്‍.

കമ്പനി കോര്‍പ്പറേഷനില്‍ ആദ്യം കിട്ടിയത് കെഎസ്ഇബിയാണ്. അതൊരു നല്ല ഓപ്ഷനാണെന്നു തോന്നി. അങ്ങനെ അതു സ്വീകരിക്കുകയായിരുന്നുവെന്നു പ്രദീപ്.


ഇതുകൂടി വായിക്കാം: മൈദയില്ലാതെ കപ്പയും ചക്കയും ചെറുധാന്യങ്ങളും കൊണ്ട് നൂഡില്‍സും പാസ്തയും: സൂപ്പര്‍ ഫൂഡ് ലോകത്തേക്ക് കേരളത്തിന്‍റെ കൈപിടിച്ച് ഈ കൂട്ടുകാര്‍


“ഫാത്തിമ മാതയില്‍ തന്നെയാണ് എംഎ പഠിക്കുന്നത്, ഇക്കണോമിക്സിന്. എംഎ രണ്ടാംവര്‍ഷമായപ്പോള്‍ തന്നെ സര്‍ക്കാര്‍ ജോലി കിട്ടി. മാവേലിക്കര സ്കൂളില്‍ ലാബ് അസിസ്റ്റന്‍റ്. ഇതായിരുന്നു ആദ്യ ജോലി,” പ്രദീപ് തുടരുന്നു.

“പലതും കിട്ടിയെങ്കിലും ബെറ്റര്‍ എന്നു തോന്നിയതു കൊണ്ടാണ് കെഎസ്ഇബിയിലെ കാഷ്യര്‍ ജോലി സ്വീകരിച്ചത്. തുടക്കം വയനാട് കല്‍പ്പറ്റ കെഎസ്ഇബിയിലാണ്. 2012-ലാണ് നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടി പോരുന്നത്.

ചികിത്സാസഹായം നല്‍കുന്നു

“ജോലി കഴിഞ്ഞ്  വീടിന് അടുത്തുള്ള ശാന്തി ലൈബ്രറിയില്‍ പോകും. ലൈബ്രറിയുടെ ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു ഞാന്‍. വൈകുന്നേരങ്ങളില്‍ വായനശാലയിലെ പതിവുകാരനായിരുന്നു.

“അന്നും പി എസ് സിയ്ക്ക് പഠിക്കാനൊക്കെ പലരും ഇവിടെ വരുമായിരുന്നു. കൂട്ടത്തില്‍ എന്‍റെ ചില സുഹൃത്തുക്കളും ഇവിടെ വരുമായിരുന്നു. അവര്‍ക്കാണ് ആദ്യമായി പി എസ് സി കോച്ചിങ്ങ് കൊടുക്കുന്നത്.

“രണ്ട് പേരില്‍ തുടങ്ങിയതാണിപ്പോള്‍ ആയിരത്തിലേറെ പേരില്‍ വന്ന് നില്‍ക്കുന്നത്. ആദ്യ ശിഷ്യര്‍ക്ക് കെഎസ്എഫ്ഇയിലും എക്സൈസിലും ജോലിയും കിട്ടി.

പഠനോപകരണങ്ങള്‍ സമ്മാനിക്കുന്നു

“ഇവര്‍ക്ക് പിന്നാലെ പി എസ് സി പഠനത്തിനായ് പലരും വന്നു തുടങ്ങി. ചെറിയൊരു ലൈബ്രറിയാണിത്. അതിന്‍റെ കൊച്ചുഹാളില്‍ കുറേപ്പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമൊന്നുമില്ല. അങ്ങനെ എനിക്കൊരു ഐഡിയ തോന്നി, പരിശീലനം രാവിലത്തേക്ക് മാറ്റാം.

“രാവിലെ ക്ലാസും രാത്രിയില്‍ അവര്‍ക്കിരുന്നു പഠിക്കുകയും ചെയ്യാം.


അങ്ങനെയാണ് വെളുപ്പിന് അഞ്ചരയ്ക്ക് പി എസ് സി കോച്ചിങ്ങ് ആരംഭിക്കുന്നത്. പിന്നെയും പഠിക്കാനെത്തുന്നവരുടെ എണ്ണം കൂടിയതോടെ വീട്ടിലേക്ക് പഠനം മാറ്റുകയായിരുന്നു. ‌


“എന്‍റെ വീടിന്‍റെ കാര്‍പോര്‍ച്ചിലിരുന്നായി പിന്നെ പഠനം. വട്ടത്തില്‍ നിലത്തിരുന്നാണ് പഠനം. പിന്നെയും കോച്ചിങ്ങിനെത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. അങ്ങനെ വീടിന്‍റെ ടെറസിലേക്ക് മാറി. ഷീറ്റ് ഇട്ടിട്ടുണ്ടായിരുന്നു മുകളില്‍. പഠിക്കാനെത്തുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും കൂടിക്കൊണ്ടിരുന്നു.

അങ്ങനെയായപ്പോള്‍ പരിശീലനത്തിന് പ്രദീപ് ഒരു സമയക്രമം കൊണ്ടുവന്നു. രാവിലെ അഞ്ചര എന്നതു അഞ്ചാക്കി മാറ്റി. വീണ്ടും കൂടുതല്‍ പേര്‍ വന്നതോടെ ക്ലാസിന്‍റെ സമയത്തില്‍ പിന്നെയും മാറ്റവും വരുത്തി. ഇപ്പോ വെളുപ്പിന് നാലരയ്ക്ക് ആദ്യ ക്ലാസ് ആരംഭിക്കും. നാലര മുതല്‍ ഏഴര വരെ. വൈകിട്ട് ഏഴര മുതല്‍ പത്തര വരെയും.

നാലു ബാച്ചുകളിലായാണ് പഠിപ്പിക്കുന്നത്. ഒരു ബാച്ചില്‍ 210-220 പേരൊക്കെയുണ്ട്. വിദ്യാര്‍ഥികള്‍ മാത്രമല്ല മറ്റു പല ജോലികള്‍ ചെയ്യുന്നവരും പി എസ് സി പരിശീലനത്തിന് ഇവിടെ വരുന്നുണ്ട്.

രാവിലെ ആയതിനാല്‍ ജോലിക്കാര്‍ക്കും വിദ്യാര്‍ത്ഥികള‍്ക്കും സൗകര്യവുമാണ്. ക്ലാസ് കഴിഞ്ഞാല്‍ ജോലിക്കും കോളെജിലേക്കുമൊക്കെ പോകുകയും ചെയ്യാം. പ്രൈവറ്റ് കമ്പനികളിലും ബാങ്കുകളിലും ജോലി ചെയ്യുന്നവര്‍, എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍, യുവ അഭിഭാഷകര്‍, വര്‍ക് ഷോപ്പില്‍ ജോലിയെടുക്കുന്നവര്‍, കാറ്ററിങ്ങ് ജോലികള്‍ക്ക് പോകുന്നവര്‍ ഇങ്ങനെ പല മേഖലകളില്‍ നിന്നുള്ളവര്‍ കോച്ചിങ്ങിന് വരുന്നുണ്ടെന്ന് പ്രദീപ് പറയുന്നു.

വെളുപ്പിന് ക്ലാസെടുക്കണ്ടതല്ലേ.. മൂന്നേമൂക്കാലോടെ എഴുന്നേല്‍ക്കുമെന്നു പ്രദീപ് . “പത്തരയോടെ ക്ലാസ് കഴിഞ്ഞ് രാത്രി പതിനൊന്നരയ്ക്ക് ഉറങ്ങും. രണ്ട് ബാച്ച് ഇപ്പോഴും വീടിന്‍റെ ടെറസിലാണ് നടത്തുന്നത്. ബാക്കി രണ്ട് ബാച്ചിന്‍റെ ക്ലാസ് കരയോഗമന്ദിരത്തിന് മുകളിലാണ്. തറയില്‍ ഇരുന്നാണ് എല്ലാവരും പഠിക്കുന്നത്.”

എല്ലാ വിഷയവും പ്രദീപ് തന്നെയാണ് പഠിപ്പിക്കുന്നത്. “എനിക്കറിയാവുന്ന പോലെ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്നു അത്രേയുള്ളൂ. ഇംഗ്ലിഷും കണക്കും എന്നും പഠിപ്പിക്കും.”

 പി എസ് സി കിട്ടാനുളള വഴി

“പൊതുവിജ്ഞാനത്തിന് നല്ലൊരു ജികെ പുസ്തകം വാങ്ങും. എല്ലാവര്‍ക്കും ഒരേ പോലുള്ള റാങ്ക് ഫയല്‍ വാങ്ങിക്കും. എന്നിട്ടതില്‍ പേജിന്‍റെ കൃത്യം എണ്ണം പറയും. ഓരോ ദിവസവും ആ പേജുകള്‍ പഠിച്ചു പൂര്‍ത്തിയാക്കിയിരിക്കണം. പഠിക്കാന്‍ ബുദ്ധിമുട്ടുള്ളതാണെങ്കില്‍ അതിന്‍റെ ക്ലാസെടുത്ത് കൊടുക്കും.

വീടിന് മുകളിലെ പി എസ് സി ക്ലാസ്

“തൊഴില്‍വാര്‍ത്ത, തൊഴില്‍ വീഥി പോലുള്ള പ്രസിദ്ധീകരണങ്ങളുണ്ടല്ലോ.. അതൊക്കെ ഒരാഴ്ചയ്ക്കുള്ളില്‍ പഠിച്ചു തീര്‍ക്കണം. ആഴ്ചയില്‍ രണ്ട് ദിവസം മുന്‍കാല ചോദ്യപ്പേപ്പറുകള്‍ പരിശീലിക്കണം, ദിവസവും പത്ത് മിനിറ്റ് മാത്രം സമയമുള്ള ടെസ്റ്റും നടത്തും. ഇതാണ് ഇവിടുത്തെ പഠനരീതി.

“ടെസ്റ്റിനാണിവിടെ പ്രാധാന്യം. 100 ചോദ്യങ്ങള്‍ പത്ത് മിനിറ്റ്. അതിലൊരു മാറ്റവുമില്ല. സമയം കഴിയുമ്പോള്‍ പേന താഴെയിടണം. ഓരോ ക്ലാസിലും മൂന്നു ക്ലാസ് ലീഡര്‍മാരുണ്ട്. സമയം കഴിയുമ്പോള്‍ ഇവര്‍ വേണം പേനയൊക്കെ എല്ലാവരും താഴെയിട്ടോ എന്നൊക്കെ നോക്കാന്‍.


ഇതുകൂടി വായിക്കാം: ഓട് മീനേ കണ്ടം വഴി’: കുമ്പളങ്ങിയില്‍ നിന്നും കായല്‍ച്ചന്തമുള്ള മറ്റൊരു ജീവിതകഥ


“ദിവസവുമുള്ള പരീക്ഷയില്‍ മൂന്നു തവണ മാര്‍ക്ക് കുറഞ്ഞാല്‍ നാലാമത്തെ ദിവസം ക്ലാസില്‍ നിന്ന് പുറത്താക്കും. ഇവിടെ പഠിക്കാന്‍ വേണ്ടി കുറേപ്പേര്‍ കാത്തിരിക്കുന്നുണ്ട്. ഉഴപ്പാന്‍ ആരെയും അനുവദിക്കില്ല. അങ്ങനെയുള്ളവരെ പുറത്താക്കും.” അക്കാര്യത്തില്‍ കര്‍ശനക്കാരനാണ് പ്രദീപ്.

മന്ത്രി മേഴ്സിക്കുട്ടിയില്‍ നിന്നു പുരസ്കാരം സ്വീകരിക്കുന്നു

പ്രദീപ് ഫീസ് ഒന്നും വാങ്ങുന്നില്ല. പക്ഷേ പഠിക്കാനിവിടെ ചേരണമെങ്കില്‍ ചില കടമ്പകളുണ്ട്. അത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല അതെന്നാണ് പ്രദീപ് പറയുന്നത്.

“പഠിക്കാനെത്തുന്നവര്‍ക്ക് ആദ്യം തന്നെ ഒരു ആയിരം ചോദ്യങ്ങളുടെ പ്രിന്‍റ് ഔട്ട് നല്‍കും. മൂന്നാഴ്ച സമയവും. ഈ സമയത്തിനുള്ളില്‍ ആയിരം ചോദ്യോത്തരങ്ങളും പഠിക്കണം. വെറുതേ പഠിച്ചെന്നു പറഞ്ഞു ഇങ്ങോട് വരാന്‍ പറ്റില്ല.

“മൂന്നാഴ്ച കഴിയുമ്പോള്‍ ഒരു പരീക്ഷ നടത്തും. 100 മാര്‍ക്കിന്‍റെ പരീക്ഷ. ഈ ടെസ്റ്റില്‍ 90 മാര്‍ക്കിന് മുകളില്‍ വാങ്ങണം. അത്രയും മാര്‍ക്ക് വാങ്ങിയാല്‍ ഇന്‍. അല്ലെങ്കില്‍ ഔട്ട്. 90-ല്‍ താഴെ മാര്‍ക്ക് നേടിയവര്‍ക്ക് ഒരിക്കല്‍ കൂടെ പരീക്ഷയുണ്ടാകും. വിജയിച്ചാല്‍ കോച്ചിങ് ക്ലാസില്‍ പ്രവേശനം കിട്ടും. അല്ലാത്തവരെ ഒഴിവാക്കും.

പ്രദീപിനൊപ്പം ഉദ്യോഗാര്‍ഥികള്‍

“കുറേപ്പേര്‍ക്ക് പഠിക്കണമെന്നാഗ്രഹവുമായി പ്രവേശനം കാത്തുനില്‍പ്പുണ്ടല്ലോ. അതുകൊണ്ടാണ് പ്രവേശനം അല്‍പം കര്‍ശനമാക്കിയത്.


പഠിക്കാന്‍ നല്ല താത്പ്പര്യമുള്ളവര്‍ മാത്രം വന്നാല്‍ മതി. എപ്പോഴും ഇവിടെ പ്രവേശനവുമില്ല.


“പഠിക്കുന്നവര്‍ ജോലി കിട്ടി ഇറങ്ങുമ്പോള്‍ വരുന്ന വേക്കന്‍സിയിലാണ് പ്രവേശനം. പകല്‍ സമയങ്ങളില്‍ ഫ്രീയായിട്ടുള്ളവര്‍ അടുത്തുള്ള കോച്ചിങ് സെന്‍ററുകളില്‍ പോകണമെന്നും ഞാന്‍ പറയാറുണ്ട്.

“വിദഗ്ധരുടെ നേതൃത്വത്തിലും ക്ലാസ് എടുപ്പിക്കാറുണ്ട്. പഠിക്കാന്‍ താത്പ്പര്യമുണ്ടായിരുന്നിട്ടും പഠിക്കാന്‍ സാധിക്കാത്തവര്‍ക്ക് പ്രത്യേകം ക്ലാസെടുത്തു കൊടുക്കാറുണ്ട്.” അദ്ദേഹം പറയുന്നു.

പ്രദീപിന്‍റെ കോച്ചിങ്ങ് ക്ലാസ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതോടെ മറ്റു ജില്ലകളില്‍ നിന്നുള്ളവര്‍ വരെ ഇവിടേക്ക് വന്നു തുടങ്ങി. മുഖത്തലയില്‍ ഹോസ്റ്റലെടുത്തും പേയിങ് ഗസ്റ്റായുമൊക്കെ താമസിച്ചാണ് പഠിക്കുന്നത്.

കോളെജില്‍ പഠിക്കുന്നവര്‍ മാത്രമല്ല നേവിയില്‍ നിന്നും ആര്‍മിയില്‍ നിന്നും എയര്‍ഫോഴ്സില്‍ നിന്നുമൊക്കെ വിരമിച്ചവരും എന്‍ജിനീയറിങ് കഴിഞ്ഞവരുമെല്ലാം ഇവിടെ പഠിക്കാന്‍ വരുന്നുണ്ട്.

അടുത്തിടെ നടന്ന എസ് ഐ, എക്സൈസ് ഇൻസ്പെക്റ്റർ, ജയിലർ, പൊലീസ് കോൺസ്റ്റബിൾ പരീക്ഷകളിൽ ഒന്നാം റാങ്കും, എക്സൈസ് ഓഫീസർ പരീക്ഷയിൽ അഞ്ച്, എട്ട്, ഒമ്പത്, പത്ത് തുടങ്ങിയ 15 വരെയുള്ള റാങ്കുകളും ജൂനിയർ എംപ്ലോയിമെന്‍റ് പരീക്ഷയിൽ ആറാം റാങ്കും സ്വന്തമാക്കിയിട്ടുണ്ട് പ്രദീപിന്‍റെ വിദ്യാര്‍ഥികള്‍.

പി എസ് സിയുടെ റാങ്ക് ലിസ്റ്റില്‍ ഇടം നേടിയവര്‍

ഇദ്ദേഹത്തിന്‍റെ ശിഷ്യരിൽ ഇതിനോടകം 372 പേർ വിവിധ സർക്കാർ വകുപ്പുകളിൽ ജോലി നേടിയെടുക്കുകയും എഴുന്നൂറോളം പേർ വിവിധ ലിസ്റ്റുകളിൽ ഇടംനേടുകയും ചെയ്തിട്ടുണ്ട്.

പൊലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റില്‍ മാത്രം 340 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ്, ജൂനിയര്‍ എംപ്ലോയ്മെന്‍റ് ഓഫിസര്‍, എല്‍ഡി ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ്, പൊലീസ് കോണ്‍സ്റ്റബിള്‍, എസ്ഐ, എക്സൈസ്, യൂനിവേഴ്സിറ്റി അസിസ്റ്റന്‍റ്, കമ്പനി ബോര്‍ഡ് കോര്‍പറേഷന്‍ ഇതിലേക്കൊക്കെയുള്ള ലിസ്റ്റുകളിലും ഇവിടെ പഠിക്കുന്നവര്‍ ഇടം പിടിച്ചിട്ടുണ്ട്.

സൗജന്യ പി എസ് സി കോച്ചിങ് മാത്രമല്ല സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായുണ്ട് പ്രദീപ്. ഇവിടെ പഠിക്കാന്‍ വരുന്നവരുടെ സഹായത്തോടെയാണ് ഇതൊക്കെ ചെയ്യുന്നതെന്നു അദ്ദേഹം പറയുന്നു.

പ്രളയബാധിതര്‍ക്ക് നല്‍കാന്‍ സ്വരുക്കൂട്ടിയ വസ്തുക്കള്‍

“പലരും സഹായങ്ങളൊക്കെ ആവശ്യപ്പെടാറുണ്ട്. അക്കാര്യം ക്ലാസില്‍ പറയും. ഇത്തവണത്തെ പ്രളയത്തിന് ഒരു ലക്ഷത്തിലധികം രൂപയാണ് പിരിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം മൂന്നര ലക്ഷത്തിലധികം രൂപ ഞങ്ങള് പിരിച്ചെടുത്തു നല്‍കിയിരുന്നു.

“ഇത്തവണ പിരിച്ചെടുത്ത തുകയില്‍ അമ്പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. കുറച്ചു തുകയ്ക്ക് വസ്ത്രങ്ങള്‍ മറ്റുമൊക്കെ നല്‍കി. പ്രളയത്തില്‍ പി എസ് സിയ്ക്ക് പഠിക്കുന്നവരെയും സഹായിച്ചിട്ടുണ്ട്. നിലമ്പൂരിലെ പി എസ് സി വിദ്യാര്‍ഥികള്‍ക്കാണ് നഷ്ടമായ റാങ്ക്ഫയലും മറ്റും വാങ്ങുന്നതിന് പതിനായിരം രൂപ നല്‍കിയത്.

“ഇവിടെ കോച്ചിങ്ങിന് വരുന്ന ഒരാള്‍ക്ക് കരള്‍‍മാറ്റ ശസ്ത്രക്രിയയ്ക്ക് രണ്ട് ലക്ഷം രൂപ നല്‍കി, മറ്റൊരു വിദ്യാര്‍ഥിയുടെ വീട് പണി പൂര്‍ത്തിയാക്കാന്‍ ഒരു ലക്ഷം രൂപ നല്‍കി.

പൊലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റില്‍ മാത്രം പ്രദീപ് പരിശീലനം നല്‍കിയ 340 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കൊല്ലം ജില്ലയിലെ വിവിധ സ്കൂളുകളിലെ കുട്ടികൾക്കും ബുക്കും ബാഗും തുടങ്ങി ആവശ്യമായ എല്ല പഠനോപകരണങ്ങളും വാങ്ങിനൽകി. മെയ് 15-ന് മുമ്പ് സ്കൂളുകളിൽ പോയി അർഹരായ കുട്ടികളുടെ ലിസ്റ്റ് എടുത്തു. ടീച്ചർമാരാണ് പാവപ്പെട്ട വീടുകളിലെ കുട്ടികളുടെ ലിസ്റ്റ് നൽകിയത്.

“ഓരോ സ്കൂളിൽനിന്ന് 35 വീതം കുട്ടികളുണ്ടായിരുന്നു. ഈ കുട്ടികൾക്ക് ബാഗും ബുക്കും മറ്റും നൽകി. തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ വീടുകളിൽ ബാഗ് എത്തിച്ചു.”

ഇവിടെ പഠിക്കുന്നവരില്‍ നിന്നു പിരിച്ചെടുക്കുന്ന തുകയാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്നു പ്രദീപ് പറയുന്നു. “അവര്‍ക്കിഷ്ടമുള്ള തുക നല്‍കിയാല്‍ മതി. ഒരാളില്‍ നിന്നു 100 രൂപയോ 200 രൂപയോ ഒക്കെയാണ് വാങ്ങുന്നത്. അതില്‍ കൂടുതല്‍ വാങ്ങാറില്ല.


ക്ലാസില്‍ ആബ്സന്‍റാകാന്‍ പാടില്ല. അങ്ങനെ ക്ലാസ് മുടക്കുന്നവര്‍ പിന്നെ വരുമ്പോള്‍ രണ്ട് നോട്ട് പുസ്തകവും വാങ്ങി വേണം വരാന്‍. ക്ലാസില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാലും ശിക്ഷയുണ്ട്. അവരും പുസ്തകം വാങ്ങിത്തരണം.


“ഇങ്ങനെ പുസ്തകവും പെന്‍സിലുമൊക്കെ സ്വരുക്കൂട്ടിയാണ് സ്കൂളുകളില്‍ വിതരണം ചെയ്തത്. ജോലി കിട്ടിയവരുണ്ടല്ലോ.. അവരോട് ബാഗ് വാങ്ങി നല്‍കണമെന്നും പറ‍ഞ്ഞു. സ്കൂളിലേക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ വാങ്ങി നല്‍കിയത് ഇങ്ങനെയൊക്കെയാണ്.

“രാധാകൃഷ്ണ പിള്ളയാണ് അച്ഛന്‍. അമ്മ ലീലയും. ഞാന്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചു. പിന്നെ അമ്മ തയ്യല്‍ പണിയിലൂടെയാണ് ഞങ്ങളെയൊക്കെ നോക്കിയത്.

“രണ്ട് ചേട്ടന്‍മാരുണ്ട്. ഇരുവരുടെയും വിവാഹമൊക്കെ കഴിഞ്ഞു. ജോലി കിട്ടിയപ്പോള്‍ ഞാനൊരു ചെറിയ വീട് വച്ചു, ഋതുപര്‍ണിക. അവിടെയാണ് ഞാനും അമ്മയും താമസിക്കുന്നത്.” പ്രദീപ് പറയുന്നു.

ഏഴുമാസം മുന്‍പ് മൃഗസംരക്ഷണ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗസ്ഥനായി ജോലി കിട്ടിയ പ്രദീപിന്‍റെ ശിഷ്യന്‍ ആനന്ദ് ബാബു പറയുന്നു:. “പോളിടെക്ക്നിക്കില്‍ നിന്നു ഡിപ്ലോമ പൂര്‍ത്തിയാക്കിയ ശേഷം ഒരിടത്ത് പി എസ് സി കോച്ചിങ്ങിന് ചേര്‍ന്നിരുന്നു.

“പക്ഷേ ആ സ്ഥാപനത്തില്‍ പഠിച്ചതു കൊണ്ടു ഗുണമൊന്നുമുണ്ടായില്ല. അന്നേരമാണ് പ്രദീപ് സാറിനെക്കുറിച്ച് കേള്‍ക്കുന്നത്. പരീക്ഷയൊക്കെ നടത്തിയാണിവിടെ പ്രവേശനം തന്നെ നടത്തുന്നത്.


ഇതുകൂടി വായിക്കാം: പാമ്പിനെക്കണ്ടാലുള്ള ആ ‘നാട്ടുനടപ്പ്’ മാറ്റി രാജി എന്ന ട്രക്ക് ഡ്രൈവര്‍; 1,400-ലധികം പാമ്പുകളെ രക്ഷിച്ച സ്ത്രീയുടെ അനുഭവങ്ങള്‍


“പിന്നെ രാവിലെ നാലരയ്ക്ക് ക്ലാസ് തുടങ്ങും. കൃത്യസമയത്ത് എത്തിയില്ലെങ്കില്‍, പഠിക്കാന്‍ പറഞ്ഞത് പഠിച്ചില്ലെങ്കില്‍, പണിഷ്മെന്‍റുകളുമുണ്ടായിരുന്നു. ഇംപോസിഷനോ നോട്ട്ബുക്കോ പെന്‍സിലോ വാങ്ങലോ ഒക്കെയായിരുന്നു പണിഷ്മെന്‍റുകള്‍.”

ജോലി കിട്ടിയെങ്കിലും കൂടുതല്‍ നല്ല ജോലിക്ക് വേണ്ടി ശ്രമിക്കുകയാണിപ്പോള്‍ ആനന്ദ്. ഇനിയും പി എസ് സി എഴുതുന്നുണ്ട്. ഇപ്പോള്‍ കോച്ചിങ്ങിനായി പ്രദീപിന്‍റെ അടുക്കല്‍ പോകാനാകുന്നില്ലെങ്കിലും അദ്ദേഹത്തിന്‍റെ സാഹായമൊക്കെ കിട്ടുന്നുണ്ടെന്നും ആനന്ദ് കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം