ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് ഡ്രൈവ് ചെയ്യാന്‍ 1,370 കാറുകള്‍ ഡിസൈന്‍ ചെയ്ത മുസ്തഫയുടെ ജീവിതകഥ, ആ ഒരേക്കര്‍ ഔഷധത്തോട്ടത്തിന്‍റെയും

“അപകടം പറ്റി കിടക്കുന്ന എന്നെ നോക്കി ഒരിക്കലും അവള്‍ കരഞ്ഞിട്ടില്ല. കണ്ണ് നിറഞ്ഞുനിന്ന് എന്നോട് സംസാരിച്ചിട്ടില്ല.. എന്‍റെ കുടുംബത്തിലുള്ളവരൊക്കെ പൊട്ടിക്കരഞ്ഞ് നില്‍ക്കുമ്പോഴും എന്‍റെ ഭാര്യ ഒരിക്കല്‍ പോലും എന്‍റെ മുന്നില്‍ നിന്ന് കരഞ്ഞില്ല.”

“മലമുകളിലേക്ക് അതിവേഗത്തില്‍ ജീപ്പ് ഓടിച്ച് കയറ്റും… പിന്നെ പുഴയില്‍ ഊളിയിട്ട് മീന്‍ പിടിക്കും… അടിപൊളിയായിരുന്നു. അന്നൊന്നും ജീവിതത്തോട് ഒരു സീരിയസ്നസ്സും തോന്നിയിട്ടില്ല. ജീവിതം ആഘോഷിക്കുകയായിരുന്നല്ലോ…

“ആ സന്തോഷങ്ങളാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതായത്.”

ഔഷധത്തോട്ടത്തിലിരുന്ന് മുസ്തഫ പഴയകാലം ഓര്‍ത്തെടുക്കുകയാണ്. പക്ഷേ കണ്ണ് നനയിക്കുന്ന ആ ഓര്‍മ്മകള്‍ക്കൊപ്പമല്ല ഇദ്ദേഹത്തിന്‍റെ ജീവിതമിപ്പോള്‍. പഴയകാലത്തെക്കുറിച്ച് ഓര്‍ത്ത് സങ്കടപ്പെടാനുള്ള നേരവുമില്ല.

കാറുകള്‍ക്ക് പിന്നാലെയാണ്. ഔഷധസസ്യങ്ങള്‍ തേടിയുള്ള യാത്രകളിലുമാണ്.
തോരപ്പ മുസ്തഫ. ശരീരത്തിന്‍റെ ചലനശേഷി നഷ്ടപ്പെട്ടവര്‍ക്കായി 1,370 കാറുകള്‍ ഡിസൈന്‍ ചെയ്ത, ഒരേക്കറില്‍ ഔഷധസസ്യങ്ങള്‍ കൃഷി ചെയ്യുന്ന കര്‍ഷകനാണ് ഈ മലപ്പുറംകാരന്‍.

പക്ഷേ ഈ മുസ്തഫയെക്കുറിച്ച് ഇത്ര സിംപിളായി പറഞ്ഞവസാനിപ്പിക്കാന്‍ പറ്റില്ല. ജീവിതവര്‍ത്തമാനങ്ങള്‍ മുസ്തഫ തന്നെ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പങ്കുവെയ്ക്കുന്നു.

മുസ്തഫ

മലപ്പുറത്ത് കോഡൂര്‍ ചെമ്മണ്‍കടവിലാണ് വീട്. ഗള്‍ഫിലായിരുന്നു കുറേക്കാലം. റിയാദില്‍. വിവാഹമൊക്കെ കഴിഞ്ഞ ശേഷം നാട്ടില്‍ തന്നെ നിന്നു, മോന്‍ കൂടി ജനിച്ചതോടെ പിന്നെ ഗള്‍ഫിലേക്കൊന്നും പോയില്ല.

ബേക്കറിയൊക്കെയായി നാട്ടില്‍ തന്നെ കൂടി. നേരത്തെ പറഞ്ഞില്ലേ… മീന്‍ പിടുത്തവും വണ്ടിയോടിക്കലുമൊക്കെയായി ഹാപ്പിയായി ജീവിക്കുകയായിരുന്നു. എല്ലാം പെട്ടെന്നായിരുന്നു.

“1994 മാര്‍ച്ച് 27. ജീവിതത്തില്‍ മറക്കാത്ത ചില ദിവസങ്ങളില്ലേ. അങ്ങനെയൊരു ദിവസമാണിത്. അന്നാണ് ഞാന്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അപകടത്തില്‍പ്പെടുന്നത്.

“നൂറാടി പാലത്തിന് സമീപം ഞാന്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിലേക്ക് മറ്റൊരു ഓട്ടോറിക്ഷ ഇടിച്ചു വണ്ടി മറിയുകയായിരുന്നു. ശരീരത്ത് മുറിവുകളൊന്നുമുണ്ടായില്ല, പക്ഷേ എന്‍റെ സുഷ്മ്നനാഡി അറ്റ് പോയിരുന്നു.

ഔഷധസസ്യത്തോട്ടത്തില്‍ മുസ്തഫ

“കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കാണ് കൊണ്ടുപോകുന്നത്. അടിയന്തിര ശസ്ത്രക്രിയ വേണം. പക്ഷേ അതിനുള്ള സൗകര്യമില്ല. എത്രയും പെട്ടെന്ന് മണിപ്പാല്‍ ആശുപത്രിയിലേക്ക് കൊണ്ട്പോയ്ക്കോളൂവെന്നാണ് ഡോക്റ്റര്‍മാര്‍ പറഞ്ഞത്.


മണിപ്പാലിലെ കസ്തൂര്‍ബ ആശുപത്രിയിലേക്ക്. മെഡിക്കല്‍ കോളെജിലെ ഒരു ഡോക്റ്ററെയും കൂട്ടിന് വിട്ടു. അത്രയ്ക്ക് മോശമായിരുന്നേ എന്‍റെ അവസ്ഥ.


പ്രശസ്ത സര്‍ജന്‍ ആയിരുന്ന ഡോ.മൊഹന്തിയാണ് സര്‍ജറി ചെയ്യുന്നത്. സര്‍ജറിയൊക്കെ കഴിഞ്ഞ് രണ്ടര മാസം കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സകള്‍ തുടര്‍ന്നു.

പ്രത്യേകിച്ച് ചികിത്സകളൊന്നും ചെയ്യാനില്ല. ഫിസിയോതെറാപ്പി ചെയ്യാമെന്നല്ലാതെ മറ്റു ചികിത്സകളൊന്നുമില്ല എന്ന് പറഞ്ഞ് മുസ്തഫയെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഫിസിയോതെറാപ്പി ചെയ്താല്‍ മതിയെന്നാണ് ഡോക്റ്റര്‍മാര് പറഞ്ഞത്.

ഫോട്ടോ – ഫേസ്ബുക്ക്

“വീട്ടിലേക്ക് പോന്നു. എന്‍റേത് ഒരു സാധാരണ കുടുംബമാണ്. വീട് എന്നെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. വാപ്പ, ഉമ്മ, ഭാര്യ, മകന്‍.. ഇവരൊക്കെ അടങ്ങുന്ന കുടുംബത്തിന്‍റെ ആശ്രയം എന്‍റെയൊരു വരുമാനമായിരുന്നു.

“അപകടം സംഭവിച്ചതോടെ എനിക്ക് അവരെ ആശ്രയിക്കാതെ ജീവിക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. എഴുന്നേല്‍ക്കാന്‍ പോലും അവരുടെ സഹായം വേണമായിരുന്നു. സാമ്പത്തികമായും കുറേ പ്രയാസങ്ങള്‍ അക്കാലത്ത് നേരിട്ടു,” മുസ്തഫ ഓര്‍ക്കുന്നു.

ഏതാണ്ട് ഒന്നരവര്‍ഷം മുസ്തഫ വീടിനുള്ളില്‍ തന്നെ ഒതുങ്ങി കൂടി. കട്ടിലില്‍ നിന്ന് വീല്‍ച്ചെയറിലേക്കെത്തിയെങ്കിലും മാറ്റമൊന്നുമുണ്ടായില്ല. അങ്ങനെയാണ് ഒരു സ്പെഷ്യല്‍ സ്ക്കൂട്ടര്‍ നിര്‍മിച്ചാല്‍ അതില്‍ സഞ്ചരിക്കാലോ എന്നൊരു തോന്നലുണ്ടാവുന്നത്. അങ്ങനെ മുസ്തഫ സ്വന്തമായി ഒരു സ്കൂട്ടര്‍ തനിക്ക് ഓടിക്കാന്‍ പറ്റുന്ന വിധത്തില്‍ മാറ്റിയെടുത്തു.

“കൈനറ്റിക് ഹോണ്ടയില്‍ ഇരുവശത്തും രണ്ടു ചക്രങ്ങള്‍ ഘടിപ്പിച്ചാണ് ഓടിച്ചു തുടങ്ങുന്നത്. എന്നെ പോലെയുള്ളവര്‍ക്ക് ഉപയോഗിക്കാനാകുന്ന സ്കൂട്ടര്‍, ഇന്നത്തെ പോലെ അന്നൊന്നും മുചക്ര സ്കൂട്ടര്‍ ഒന്നുമില്ല. 1995-96 കാലത്തെ കാര്യമാണിത്. ഇരുവശത്തെയും ചക്രങ്ങള്‍ക്ക് പുറമേ പ്രത്യേക സീറ്റും ബെല്‍റ്റുമൊക്കെയുള്ള സ്കൂട്ടറായിരുന്നു ഉണ്ടാക്കിയെടുത്തത്,” അപകടത്തിന് ശേഷം ആദ്യമായി ഈ സ്കൂട്ടറിലാണ് സഞ്ചരിച്ചതെന്നു മുസ്തഫ പറയുന്നു.

“പക്ഷേ ആ സ്പെഷ്യല്‍ സ്കൂട്ടര്‍ യാത്ര കുറേ പ്രയാസങ്ങളാണ് നല്‍കിയത്,”  മുസ്തഫ തുടരുന്നു. “സ്കൂട്ടറില്‍ നിന്ന് വീഴാന്‍ പോയി. കാല് ഇടയ്ക്കിടെ തെന്നി നിലത്തുവീണു, വണ്ടി മറിഞ്ഞ് വീഴാന്‍ പോയി അങ്ങനെ കുറേ പ്രശ്നങ്ങളുണ്ടായി.

“ഇതില്‍ നിന്നൊരു രക്ഷ വേണമെന്നു ആഗ്രഹിച്ചു. വിദേശത്തൊക്കെ അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടവര്‍ ഓട്ടോമാറ്റിക് കാറില്‍ യാത്ര ചെയ്യുന്നതൊക്കെ കണ്ടിട്ടുണ്ട്. കുറച്ചുകാലം വിദേശത്ത് ജോലി ചെയ്തിരുന്നല്ലോ. പക്ഷേ നമ്മുടെ നാട്ടില്‍ അന്നൊന്നും ഇതുപോലുള്ള കാര്‍ കിട്ടുമായിരുന്നില്ല.


ഇതുകൂടി വായിക്കാം: ഈ നോമ്പുകാലത്ത് മലപ്പുറംകാര്‍ക്ക് വത്തക്കാപ്പേടിയില്ല; അതിനുകാരണം ഈ കൂട്ടുകാരാണ്


“അതുപോലുള്ള വാഹനങ്ങള്‍ ഇവിടെയും വേണമെന്നൊരു ചിന്ത വന്നു, മോഡിഫിക്കേഷന്‍ നടത്തി, വാഹനത്തിന്‍റെ കണ്‍ട്രോള്‍ കൈ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന തരത്തിലേക്ക് മാറ്റിയാല്‍ മതിയല്ലോ എന്നാണ് തോന്നിയത്.

കുടുംബത്തിനൊപ്പം മുസ്തഫ

“ആ തോന്നലിലാണ് അങ്ങനെയൊരു പരീക്ഷണം നടത്തി നോക്കുന്നത്. ഒന്നു രണ്ടു വര്‍ഷക്കാലം അതിനു പിന്നാലെയായിരുന്നു. സാധാരണ വാഹനത്തില്‍ മോഡിഫിക്കേഷന്‍ നടത്തണം, കൈകൊണ്ട് നിയന്ത്രിക്കാന്‍ സാധിക്കുന്നതാകണം.

“ആരും എന്നെ പ്രോത്സാഹിപ്പിച്ചില്ല. ഇങ്ങനെയൊരു കാര്യം ഇവിടെ ആരും കേട്ടിട്ടില്ലല്ലോ. ഇതൊക്കെ വല്ലോം നടക്കോ എന്നാണ് പലരും ചോദിച്ചത്,” അദ്ദേഹം ഓര്‍ക്കുന്നു.

നാട്ടുകാരൊക്കെ സംശയിച്ചപ്പോഴും മുസ്തഫയ്ക്ക് നല്ല വിശ്വാസമുണ്ടായിരുന്നു, ആ പ്ലാന്‍ വിജയിക്കുമെന്ന്. പഴയൊരു മാരുതി 800 കാര്‍ വാങ്ങിച്ചു. അതിലായിരുന്നു പിന്നെ പരീക്ഷണങ്ങള്‍.

“കൂട്ടിന് ഒരു മെക്കാനിക്കിന്‍റെ സഹായവുമുണ്ട്. ഞാന്‍ പറഞ്ഞു കൊടുക്കുന്ന ഐഡിയയൊന്നും പുള്ളി കേട്ടിട്ട് പോലുമില്ലായിരുന്നു. പക്ഷേ ഓരോന്ന് പറഞ്ഞുകൊടുത്ത് ചെയ്യിക്കുകയായിരുന്നു.

ഫോട്ടോ – ഫേസ്ബുക്ക്

“1996 തുടങ്ങിയ പരീക്ഷണങ്ങള്‍ വിജയിക്കുന്നത് രണ്ട് വര്‍ഷത്തിന് ശേഷമാണ്. 1999 ജനുവരി ഒന്ന് വെള്ളിയാഴ്ച… ഈ ദിവസം എന്‍റെ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല.

“അന്നാണ് എന്‍റെ പരീക്ഷണ കാര്‍ വിജയകരമായി നിരത്തിലോടിയത്. നാട്ടില്‍ തന്നെയായിരുന്നു ആദ്യ സര്‍വീസ്. പരീക്ഷണങ്ങള്‍ നടത്തിയ മാരുതി 800-ന്‍റെ 89 മോഡല്‍ കാറു തന്നെയാണ് ആദ്യമായി ഓടിച്ചത്.

“എല്ലാം ഹാന്‍ഡ് കണ്‍ട്രോളിലായിരുന്നു, ആക്സിലേറ്റര്‍, ബ്രേക്ക്, ക്ലച്ച്, ഗിയര്‍ ഇതെല്ലാം ഒരു കുടക്കീഴിലേക്ക് കൊണ്ടുവന്നുവെന്നു പറയും പോലെ ഇവയൊക്കെ കൈകള്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന തരത്തിലാണ് കാര്‍ ഡിസൈന്‍ ചെയ്തത്. ഒരേ സമയം ഇതൊക്കെ അനായാസം പ്രവര്‍ത്തിപ്പിക്കാനാകുമായിരുന്നു.” അതു വിജയിച്ചു.

അതോടെയാണ് ആദ്യമായി തന്നെക്കുറിച്ചൊരു വാര്‍ത്ത പത്രത്തില്‍ വന്നതെന്നു മുസ്തഫ പറയുന്നു. “വാര്‍ത്ത കണ്ട് കുറേയാളുകളാണ് എന്നെ വിളിച്ചത്. എന്നെപ്പോലെയുള്ളവര്‍ കുറച്ചൊക്കെ കാണുമെന്നാണ് ഞാന്‍ കരുതിയിരുന്നത്.

“പക്ഷേ കേരളത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുള്ള നിരവധിപ്പേരാണ് എന്നെ വിളിച്ചത്. ആ വിളിച്ചവര്‍ക്കെല്ലാം കാര്‍ ഓടിക്കണം, യാത്ര പോകണമെന്നൊക്കെ ആഗ്രഹമുള്ളവരായിരുന്നു.


അവര്‍ക്കും ഇതുപോലെ ഒരു വാഹനം ഡിസൈന്‍ ചെയ്തു കൊടുക്കോ.. പരാശ്രയമില്ലാതെ അതോടിക്കാന്‍ സാധിക്കുമോ, എന്നൊക്കെ നൂറു നൂറു കാര്യങ്ങളാണ് ആ വിളിച്ചവരൊക്കെ എന്നോട് ചോദിച്ചത്.


“കുറേ നാളുകളായി കട്ടിലില്‍ മാത്രമായി ജീവിക്കുന്നവര്‍ക്ക് ഇതൊരു പ്രചോദനമാണെന്നൊക്കെ പലരും ആവേശത്തോടെയാണ് അന്നെന്നോട് പറ‍ഞ്ഞത്. സ്പെഷ്യല്‍ സ്കൂട്ടര്‍ പോലുമില്ലാത്ത കാലമല്ലേ. അന്നെനിക്ക് വീണ്ടുമൊരു കാര്‍ കൂടി ഡിസൈന്‍ ചെയ്യാനുള്ള സൗകര്യങ്ങളൊന്നും ഇല്ലായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളൊക്കെയുണ്ടായിരുന്നു,”  മുസ്തഫ പറഞ്ഞു.

കാര്‍ മോഡിഫൈ ചെയ്യാനുള്ള വസ്തുക്കള്‍ വാങ്ങുകയല്ല.. ഉണ്ടാക്കിയെടുക്കുകയായിരുന്നു. മുസ്തഫ കാറില്‍ ചില പരീക്ഷണങ്ങളൊക്കെ നടത്തിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ 2001-ല്‍ കേന്ദ്രസാമൂഹിക ക്ഷേമ വകുപ്പിന്‍റെ വിവിധ കണ്ടെത്തലുകള്‍ നടത്തിയവര്‍ക്കുള്ള അവാര്‍‍ഡിനായി മുസ്തഫ തെരഞ്ഞെടുക്കപ്പെട്ടു.

“ഇന്ത്യയില്‍ നിന്നു ആ വര്‍ഷം 13 പേര്‍ക്കാണ് പുരസ്കാരം. അക്കൂട്ടത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏക വ്യക്തി ഞാനായിരുന്നു. അവാര്‍ഡ് വാങ്ങാന്‍ ഡല്‍ഹിയില്‍ പോകണം. അതെങ്ങനെ പോകുമെന്നായി പിന്നെ ചിന്ത.

“ട്രെയിനിലെ ഡിസ്ഏബിള്‍ഡുകാര്‍ക്കുള്ള കോച്ചില്‍ പോകാം, ഫ്ലൈറ്റില്‍ പോകാം.. എന്നൊക്കെ പല അഭിപ്രായങ്ങളും പലരും പറഞ്ഞു.


ഞാനവരോട് ഒരു കാര്യമേ പറഞ്ഞുള്ളൂ.. കാറിലാണ് ഞാന്‍ ഡല്‍ഹിയിലേക്ക് പോകുന്നതെന്ന്.


“അങ്ങനെ ഒക്റ്റോബര്‍ 16-ന് മാരുതി 800-ല്‍ യാത്ര ആരംഭിക്കുകയാണ്. ഞാന്‍ തന്നെയാണ് കാറോടിച്ചത്. നാലു ദിവസം, അഞ്ച് സംസ്ഥാനങ്ങള്‍! ഗംഭീരയാത്രയായിരുന്നു.

താജ്മഹല്‍ കണ്ടിട്ടില്ലായിരുന്നു.. എന്തായാലും പോകുകയല്ലേ.. അങ്ങനെ താജ്മഹലും കണ്ടു. പരിപാടി നടക്കുന്നതിന് ഒരു ദിവസം മുന്‍പ്, 20-ന് ഞങ്ങള്‍ ഡല്‍ഹിയിലെത്തി.

“തനിച്ചായിരുന്നില്ല, മൂന്നു സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. പക്ഷേ കാറോടിച്ചത് ഞാനാ.. സാധാരണ വണ്ടി പോലെയല്ലല്ലോ. ബ്രേക്കും ക്ലച്ചുമൊക്കെ നിയന്ത്രിക്കുന്നത് കൈകള്‍ ഉപയോഗിച്ചല്ലേ. മറ്റുള്ളവര്‍ക്ക് അതുപയോഗിക്കാന്‍ പറ്റില്ലായിരുന്നു.

ഡല്‍ഹിയിലെത്തിയപ്പോഴും ആളുകള്‍ എന്‍റെ ചുറ്റും കൂടി.. അവാര്‍ഡ് വാങ്ങാന്‍ വന്നവരൊക്കെ മറ്റു പല ടെക്നോളജികളുമായിട്ടാണ് വന്നത്.” കാര്‍ ഡിസൈനിങ്ങുമായി താന്‍ മാത്രമേയുണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാലിന്‍റെ ചലനശേഷി നഷ്ടപ്പെട്ട നിരവധിപ്പേര്‍ക്ക് മുസ്തഫ കാറില്‍ രൂപമാറ്റങ്ങള്‍ വരുത്തി നല്‍കിയിട്ടുണ്ട്. ഒഡിഷക്കാരനാണ് ആദ്യമായി കൈകള്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന കാര്‍ ഡിസൈന്‍ ചെയ്തു കൊടുത്തതെന്നു മുസ്തഫ പറയുന്നു.

“ഒഡിഷയിലുള്ള ഒരാള്‍ക്കാണ് ആദ്യമായി ഞാന്‍ കാര്‍ ഡിസൈന്‍ ചെയ്തു കൊടുക്കുന്നത്. മാരുതി 800ല്‍ത്തന്നെയായിരുന്നു അത്. പിന്നെയാണ് ഒരു മലയാളിക്ക് കാര്‍ ഡിസൈന്‍ ചെയ്യുന്നത്. തൊടുപുഴക്കാരന്‍ റെജിയ്ക്ക്. പിന്നെ മദ്രാസിലെ നബാര്‍ഡ് ഉദ്യോഗസ്ഥന്‍ കമലറാവു… ഇങ്ങനെ പലര്‍ക്കും.

“അന്ന് മുതല്‍ ഇന്ന് വരെ 1,370 കാറുകള്‍ ഡിസൈന്‍ ചെയ്തു നല്‍കി. തുടക്കത്തില്‍ ഒരു ഡിസൈന്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ എട്ട് ഡിസൈനുകളുണ്ട്.

“രണ്ടു കൈകള്‍ക്കും ബലക്കുറവുള്ള ആളാണെങ്കില്‍ പോലും കാറോടിക്കാം… വിരല്‍ കൊണ്ട് നിയന്ത്രിക്കാവുന്ന കാറുകളാണ് ഇത്തരക്കാര്‍ക്ക് വേണ്ടി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഏറ്റവും ലേറ്റസ്റ്റ് കണ്ടുപിടുത്തം ഇതാണ്.

ഫോട്ടോ – ഫേസ്ബുക്ക്

“ഈ ഡിസൈനിനാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഓട്ടൊമൊബൈല്‍ ഇന്ത്യ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ (എആര്‍എഐ) അംഗീകാരം കിട്ടിയത്. എട്ട് വ്യത്യസ്ത കമ്പനികളുടെ 46 തരം കാറുകള്‍ ഡിസൈന്‍ ചെയ്യാനുള്ള അവസരമാണ് ഈ അംഗീകാരത്തിലൂടെ കിട്ടിയിരിക്കുന്നത്.


ഇതുകൂടി വായിക്കാം: നാല് ബന്ധുക്കളെ കാന്‍സര്‍ കൊണ്ടുപോയപ്പോള്‍ 40 വര്‍ഷം ക്യാമറ പിടിച്ച മണി മണ്ണിലേക്കിറങ്ങി; പിന്നീട് സംഭവിച്ചത്


“ആഡംബരക്കാറുകള്‍ അടക്കം ഇക്കൂട്ടത്തിലുണ്ട്. ഇതുപോലുള്ള കാര്‍ ഡിസൈന്‍ ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി നേരത്തെ കിട്ടിയിട്ടുണ്ട്. പണ്ടൊക്കെ ഈ അനുമതി മാത്രം മതിയായിരുന്നു. പിന്നീട് ഓട്ടോമൊബൈല്‍ രംഗത്ത് കുറച്ച് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു.

എആര്‍എഐയുടെ അംഗീകാരമില്ലാതെ ഇത്തരം മാറ്റങ്ങള്‍ വരുത്തുന്ന കാറുകള്‍ നിരത്തിലിറക്കരുതെന്നാണ്. നേരത്തെയുള്ള നിയമമാണിത്. പക്ഷേ ഇപ്പോള്‍ കൂടുതല്‍ കര്‍ശനമായി.” അവരുടെ ടെസ്റ്റിന് ശേഷമാണ് എആര്‍എഐ അനുമതി നല്‍കിയതെന്നും മുസ്തഫ.

ഓണാഘോഷത്തിനിടയിലെ കണ്ണുക്കെട്ടി കളിയില്‍ മുസ്തഫ ഫോട്ടോ – ഫേസ്ബുക്ക്

ഡ്രൈവിങ്ങിനോടൊക്കെ കമ്പമുള്ളയാളാണ് മുസ്തഫ. എന്നാല്‍ കാര്‍ ഡിസൈനിങ്ങ് മാത്രമല്ല കൃഷിയോടും ഔഷധസസ്യങ്ങളോടുമൊക്കെ ഇഷ്ടക്കൂടുതലുണ്ട് ഇദ്ദേഹത്തിന്.

വര്‍ഷം തോറും അയ്യായ്യിരം ഔഷധസസ്യങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നുമുണ്ട് ഇദ്ദേഹം. അപൂര്‍വ്വ സസ്യങ്ങളുടെ ഒരു തോട്ടവുമുണ്ട്. തോട്ടം നട്ടു പിടിപ്പിക്കാനൊരു കാരണമുണ്ടെന്നു പറയുന്നു മുസ്തഫ.

“കാര്‍.. അതെന്‍റെ സ്വപ്നമായിരുന്നു. ആ സ്വപ്നം സഫലമായി. അതുപോലൊരു സ്വപ്നമായിരുന്നു ഔഷധസസ്യങ്ങളുടെ തോട്ടം. കുറച്ച് വര്‍ഷം മുന്‍പ് നിര്‍മലാനന്ദഗിരി മഹാരാജിന്‍റെ ചികിത്സ തേടിയിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ ചികിത്സയ്ക്കാവശ്യമായ ഔഷധസസ്യങ്ങള്‍ക്ക് വേണ്ടി കുറേ അലഞ്ഞിട്ടുണ്ട്.

കവി ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുന്നു ഫോട്ടോ – ഫേസ്ബുക്ക്

“ഒരു തൈയ്ക്ക് വേണ്ടി കിലോമീറ്ററുകളോളം സ‍ഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്. ആ ബുദ്ധിമുട്ടുകളാണ് ഔഷധതോട്ടം ആരംഭിക്കണമെന്ന തോന്നലുണ്ടാകുന്നത്.

“എന്‍റെ16 വര്‍ഷത്തെ സമ്പാദ്യം. അതാണ് ഈ ആയൂര്‍വേദ തോട്ടം. ഒരേക്കര്‍ 16 സെന്‍റിലാണ് ഔഷധസസ്യങ്ങളുടെ തോട്ടം. ഇല്ലാതായി കൊണ്ടിരിക്കുന്ന ഔഷധങ്ങള്‍ കണ്ടെത്തി ഇവിടെ വളര്‍ത്തുന്നുണ്ട്.

ജൈവവളം തന്നെയാണ് തൈകള്‍ക്ക് നല്‍കുന്നത്. കഷായ ചണ്ടിയും ചാണകപ്പൊടിയും കോഴിക്കാഷ്ടവുമൊക്കെയാണ് കൂടുതലും വളമായി ഉപയോഗിക്കുന്നത്.” ഔഷധസസ്യങ്ങള്‍ക്ക് കീടബാധയേല്‍ക്കലൊക്കെ വളരെ കുറവാണെന്നും ഈ കര്‍ഷകന്‍ പറയുന്നു.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ അംഗീകൃത ഡീലര്‍ കൂടിയാണ് മുസ്തഫ. മാറഞ്ചേരിയിലെ ബിന്‍സ ആയൂര്‍വേദിക്സിനാണ് തന്‍റെ തോട്ടത്തിലെ ഔഷധസസ്യങ്ങളിലേറെയും നല്‍കുന്നത്. പിന്നെ പ്രാദേശിക ഔഷധഫാര്‍മസികള്‍ക്കും ഔഷധസസ്യങ്ങള്‍ കൊടുക്കാറുണ്ട്.

പല സ്ഥലത്ത് നിന്നും പച്ചമരുന്നുകള്‍ക്കായി നിരവധി പേരാണ് മുസ്തഫയെത്തേടിയെത്തുന്നത്.

കഴിഞ്ഞ എട്ട് വര്‍ഷമായി എല്ലാ വര്‍ഷവും സ്കൂള്‍, കോളെജ് വിദ്യാര്‍ഥികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കുമൊക്കെയായി 5,000 ഔഷധത്തെകള്‍ സൗജന്യമായി നല്‍കുന്നത്. ഇതിനൊപ്പം പച്ചക്കറി കൃഷിയുമുണ്ട്.

ഔഷധമിത്രം അവാര്‍ഡ്, കാര്‍ഷിക ഗ്രാമവികസന ബോര്‍ഡിന്‍റെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ്, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ അവാര്‍ഡ് തുടങ്ങിയവും നേടിയിട്ടുണ്ട് ഇദ്ദേഹം.

മുസ്തഫയെ ആദരിക്കുന്ന ചടങ്ങില്‍ നിന്ന് ഫോട്ടോ – ഫേസ്ബുക്ക്

പുനരധിവാസകേന്ദ്രം നിര്‍മിക്കുന്നതിന് സ്വന്തം പറമ്പ് പഞ്ചായത്തിന് നല്‍കിയിരിക്കുകയാണ് മുസ്തഫ. ചട്ടപ്പിപ്പറമ്പിലെ 55 സെന്‍റ് ഭൂമിയിലാണ് പുനരധിവാസകേന്ദ്രത്തിന്‍റെ നിര്‍മാണം പുരോഗമിക്കുന്നതെന്നു മുസ്തഫ പറയുന്നു.

“സുഹൃത്ത് നല്‍കിയ ഭൂമിയാണിത്. എഴുന്നേറ്റ് നടക്കാന്‍ സാധിക്കാത്തവര്‍ക്ക് ഫിസിയോതെറാപ്പിയും ചികിത്സയുമൊക്കെ നല്‍കി പരാശ്രയമില്ലാതെ ജീവിക്കാന്‍ സാധിക്കുന്നവരാക്കി മാറ്റിയെടുക്കുകയാണ് ലക്ഷ്യം.

“മൂന്നു നിലയുള്ള കെട്ടിടമാണിവിടെ നിര്‍മിക്കുന്നത്. എന്‍റെ കാര്യങ്ങളൊക്കെ ഞാന്‍ തനിച്ച് ചെയ്യുന്നുണ്ട്. അതുപോലെ മറ്റുള്ളവര്‍ക്കും സാധിക്കും. അതിന് അത്തരക്കാരെ പ്രാപ്തരാക്കിയെടുക്കുകയാണ് ഈ സ്ഥാപനത്തിലൂടെ ലക്ഷ്യമിടുന്നത്. ” പുനരധിവാസകേന്ദ്രത്തെക്കുറിച്ച് മുസ്തഫ പറഞ്ഞു.

സഫിയയാണ് ഭാര്യ. ഒരു മകനുണ്ട് മുര്‍ഷിദ്. സനൂഹ ഫാത്തിമയാണ് മരുമകള്‍. എല്ലാ പ്രതിസന്ധികളിലും എനിക്കൊപ്പം നിന്ന ഭാര്യയാണ് എന്‍റെ വലിയ പിന്തുണയും സന്തോഷവുമെന്നു മുസ്തഫ.

അപകടം പറ്റി കിടക്കുന്ന എന്നെ നോക്കി ഒരിക്കലും അവള്‍ കരഞ്ഞിട്ടില്ല. കണ്ണ് നിറഞ്ഞുനിന്ന് എന്നോട് സംസാരിച്ചിട്ടില്ല.. എന്‍റെ കുടുംബത്തിലുള്ളവരൊക്കെ പൊട്ടിക്കരഞ്ഞ് നില്‍ക്കുമ്പോഴും എന്‍റെ ഭാര്യ ഒരിക്കല്‍ പോലും എന്‍റെ മുന്നില്‍ നിന്ന് കരഞ്ഞില്ല.


ഇതുകൂടി വായിക്കാം: ‘ക്രച്ചസുമായി നടക്കുമ്പോഴുള്ള ആദ്യത്തെ വീഴ്ചയായിരുന്നു അത്… അതൊരു വലിയ അറിവായിരുന്നു’: തോല്‍ക്കാത്ത മനസുമായി തസ്‍വീര്‍


“ഇത്രയും വര്‍ഷങ്ങളായി, നിങ്ങള്‍ക്കിത് സംഭവിച്ചല്ലോ എന്‍റെ ജീവിതം തകര്‍ന്നുവല്ലോയെന്നു ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ല. അവള്‍ തന്നെയാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹവും പ്രചോദനവും,” മുസ്തഫ പറയുകയാണ്.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം